ന്യൂഡൽഹി: കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രമേ കുട്ടികളെ മനഃശാസ്ത്രപരമായ വിലയിരുത്തലിനു വിധേയമാക്കാവൂ എന്ന് സുപ്രീംകോടതി.
കസ്റ്റഡി തർക്കത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ മനഃശാസ്ത്ര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാൻ ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
മക്കളുടെ കസ്റ്റഡിക്കുവേണ്ടി മാതാപിതാക്കൾ നിയമപോരാട്ടം നടത്തുന്പോൾ കുടുംബ കോടതികൾ അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.
കുട്ടിയെ മനഃശാസ്ത്രപരമായി വിലയിരുത്തേണ്ടത് അനിവാര്യമാണെങ്കിൽ നിലവിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ചശേഷം ഒരു സ്വതന്ത്ര ചൈൽഡ് സൈക്കോളജിസ്റ്റ് മാത്രമേ അത് ചെയ്യാവൂ.
കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കാത്ത രീതിയിൽ വളരെ കുറഞ്ഞ സന്പർക്കം മാത്രമേ ഇതിനായി പാടുള്ളൂവെന്നും കോടതി പറഞ്ഞു. കുട്ടികൾ വളരുന്നതിനനുസരിച്ച് കുടുംബ കോടതികൾ കൃത്യമായ ഇടവേളകളിൽ പുനഃപരിശോധന നടത്തണം.
മാതാപിതാക്കളിൽ ഒരാളോട് കുട്ടിക്കുള്ള അകൽച്ച, തെറ്റായ ഓർമകൾ സൃഷ്ടിക്കപ്പെടൽ എന്നിവയെക്കുറിച്ച് കോടതികൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം സ്വാധീനങ്ങളിൽനിന്ന് കുട്ടിക്ക് സംരക്ഷണം നൽകണമെന്നും ബെഞ്ച് നിർദേശിച്ചു.
കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതിനാൽ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ മാതാപിതാക്കൾക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കുട്ടിയുടെ മാതാപിതാക്കൾക്കെതിരേ പോക്സോ നിയമപ്രകാരമുള്ള കേസുകൾ നിലവിലുണ്ടെങ്കിൽ ആ വിവരം കുടുംബ കോടതിയെ കൃത്യമായി അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറഞ്ഞു.
കൂടാതെ കുട്ടികളുടെ മനോനില വിശകലനം ചെയ്യാൻ ആലോചിക്കുന്നതിനുമുന്പ് മാതാപിതാക്കളുടെ മനോനില വിശകലനം ചെയ്യുന്നതിന് കുടുംബ കോടതികൾ മനഃശാസ്ത്രഞ്ജനെ നിയോഗിക്കണം. കുഞ്ഞ് ആരുടെയൊപ്പം കഴിയുന്നുവോ ആ വ്യക്തിയുടെ മനോനില നിർബന്ധമായും പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.